![]() |
| ജോണ്‍ ലെനന്‍ |
'റോക്ക് ആന്‍റ് റോള്‍ ' സംഗീതത്തിലെ ഏറ്റവും പ്രശസ്തനായ ഗായകനും ഗാനരചയിതാവും സംഗീതകാരനുമായിരുന്നു ജോണ്‍ ലെനന്‍. അദ്ദേഹവും അദ്ദേഹത്തിന്‍റെ ബീറ്റിൽസ് എന്ന സംഗീത സംഘവും ലോകത്തിലെ ജനപ്രിയ സംഗീതത്തിന് പുതിയൊരു മുഖം നല്‍കി. വെറും പത്ത് വര്‍ഷം മാത്രം പ്രവര്‍ത്തിച്ച ബീറ്റില്‍സ് സംഗീതസംഘത്തിന് ഇന്നും ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുണ്ട്. ബീറ്റില്‍സായിരുന്നു പോപ്പ് സംഗീതത്തെ സ്വകാര്യ ആസ്വാദന തലത്തില്‍ നിന്ന് സാമൂഹികമായ മാറ്റത്തിനുതകുന്ന തരത്തില്‍ ഉന്നതമായ ഒരു മാധ്യമമായി രൂപപ്പെടുത്തിയത്. പ്രണയഗാനങ്ങള്‍ മാത്രം പാടുന്ന സുമുഖരായ ചെറുപ്പക്കാരുടെ സംഘമായി തുടങ്ങിയ ബീറ്റില്‍സ് പിന്നീട് രാഷ്ട്രീയ-സാമൂഹ്യ പ്രതിബദ്ധതയുളള മാറ്റത്തിന്‍റെ സംഗീതമായി മാറി. ലോകത്താകെ അവരുടെ സംഗീതമുണ്ടാക്കിയ തരംഗം ‘ബീറ്റില്‍ മാനിയ’ എന്ന്‍ വിളിക്കപ്പെട്ടു. ലോകത്താകെ തീവ്രമായ ആശയപ്പോരും ഭീതിയും പടര്‍ന്ന അറുപതുകളുടെ അന്തരീക്ഷത്തിന്‍റെ നേര്‍ പ്രതിഫലനവും അവതരണവുമായിരുന്നു ബീറ്റില്‍സ്. ബീറ്റില്‍സ് സംഘം അവരുടെ സംഗീതയാത്ര ആരംഭിക്കുമ്പോള്‍ ലെനന് വെറും പതിനാറ് വയസ്സ് പ്രായം.
1940 ഒക്ടോബറില്‍ ഇംഗ്ലണ്ടിലെ ലിവര്‍പൂളിലായിരുന്നു ലെനന്‍റെ ജനനം. ജൂലിയയുടെയും കപ്പല്‍ ജീവനക്കാരനായ ആല്‍ഫ്രഡിന്‍റെയും മകന്‍. അപൂര്‍വ്വമായി മാത്രം വീട്ടിലുണ്ടാവാറുള്ള ആല്‍ഫ്രെഡ് പക്ഷേ മുടക്കമില്ലാതെ വീട്ടിലേക്ക് പണമയച്ചു. അദ്ദേഹത്തിന് ജോലി നഷ്ടമായപ്പോള്‍ അതും നിലച്ചു. രണ്ട് വര്‍ഷം കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ ആല്‍ഫ്രഡിനെ അപ്പോഴേക്കും മറ്റൊരാളുടെ കുഞ്ഞിനെ ചുമക്കാന്‍ തുടങ്ങിയ ജൂലിയ സ്വീകരിക്കാന്‍ തയ്യാറായില്ല. ആല്‍ബേര്‍ട്ടിന്‍റെ അഭാവത്തില്‍ അനാഥരായ ജൂലിയയും ലെനനും പട്ടിണിയാവാതിരിക്കാന്‍ വേണ്ടി കണ്ടെത്തിയ അഭയമായിരുന്നു ആ പുതിയ ബന്ധം.
ന്യൂസിലാണ്ടില്‍ രഹസ്യമായി പാര്‍ക്കാമെന്ന ഉദ്ദേശത്തില്‍ മകന്‍ ലെനനെ ആല്‍ഫ്രഡ് തട്ടിയെടുത്തു. എന്നാല്‍ ജൂലിയ ആല്‍ഫ്രഡിന്‍റെ ഈ ശ്രമത്തെ പരാജയപ്പെടുത്തി. മകനെ സ്വന്തമാക്കാനുള്ള ഇരുവരുടേയും നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ മാതാപിതാക്കളില്‍ ആരെ വേണമെന്ന്‍ തെരഞ്ഞെടുക്കാന്‍ ആല്‍ഫ്രഡ് ആറ് വയസ്സുള്ള ലെനനോട് തന്നെയാവശ്യപ്പെട്ടു. ലെനന്‍ അച്ഛനോടൊപ്പം പോകാന്‍ തുനിഞ്ഞെങ്കിലും അമ്മയുടെ കണ്ണുനീര്‍ അവന് സഹിക്കാനാവുമായിരുന്നില്ല. അങ്ങനെ ആല്‍ഫ്രഡിന് തന്‍റെ മകനെ പിരിയേണ്ടി വന്നു.
കുരുത്തംകെട്ട മകനായ ലെനന്‍ ജൂലിയയുടെ കയ്യിലൊതുങ്ങാതെ വന്നു. സ്കൂളില്‍ മറ്റു കുട്ടികളുമായി തല്ലു കൂടി പുറത്താവുന്നത് ലെനന്‍ പതിവാക്കി. സഹികെട്ട ജൂലിയ ലെനനെ തന്‍റെ മൂത്ത സഹോദരിയായ മിമിയ്ക്കൊപ്പം നിറുത്തി. പിന്നീട് വല്ലപ്പോഴും മാത്രം അവനെ പോയി കണ്ടിരുന്ന ജൂലിയ എന്നാല്‍ തനിക്കുള്ള സംഗീതവാസന അവനിലേക്കും എത്തിക്കാന്‍ ശ്രദ്ധിച്ചു. നന്നേ ചെറുപ്പത്തിലേ തന്നെ അവനെ ബഞ്ചോ എന്ന ഉപകരണം വായിക്കാന്‍ അവര്‍ പരിശീലിപ്പിച്ചു. എല്‍വിസ് പ്രിസ്ലിയുടെ ഗാനശേഖരങ്ങള്‍ അവനെ കേള്‍പ്പിച്ചു.
ഗിറ്റാറിനോടുള്ള തന്‍റെ കമ്പം അമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്തി ഒരെണ്ണം അവന്‍ തരപ്പെടുത്തിയെടുത്തു. ഗിറ്റാര്‍ കയ്യിലെടുത്ത്കൊണ്ട്, ഒരുനാള്‍ താനും വളരെ പ്രശസ്തനാകുമെന്ന് ലെനന്‍ പ്രഖ്യാപിച്ചു. ജൂലിയ അതിനെ വെറുമൊരു കുഞ്ഞിന്‍റെ വ്യാമോഹമായി മാത്രം കരുതി. "ഗിറ്റാറൊക്കെ നല്ലത് തന്നെ. പക്ഷേ നിനക്കിത് വഴി ജീവിക്കാനാകില്ല" അവര്‍ അവനെ ഉപദേശിച്ചു.
ഒരിക്കല്‍ ജോണിനെ കണ്ട് മടങ്ങുമ്പോള്‍ കാറ് തട്ടി അവര്‍ മരിച്ചു. പില്‍ക്കാലത്ത് ജോണ്‍ ഇങ്ങനെ അപലപിച്ചു, "എനിക്കു രണ്ടുവട്ടം അമ്മയെ നഷ്ടമായി. അഞ്ചു വയസ്സില്‍ അമ്മ അവിടെ ഉണ്ടായിരുന്നപ്പോഴും. പിന്നീട് പതിനാറ് വയസ്സില്‍ ഞാന്‍ പതിയെ അമ്മയുമായി അടുക്കാന്‍ തുടങ്ങുമ്പോഴും".
അക്കാലത്ത് ബ്രിട്ടനില്‍ പ്രചാരത്തിലുണ്ടായിരുന്ന ജനപ്രിയ നാടോടി സംഗീതകാരായിരുന്നു സ്കിഫ്ഫില്‍ സംഘങ്ങള്‍. വീട്ടുവസ്തുക്കളായിരുന്നു സംഗീതമുണ്ടാക്കാന്‍ അവര്‍ ഉപയോഗിച്ചിരുന്നത്. തവി, കിണ്ണം, ചട്ടി, കരണ്ടി എന്നിവയെല്ലാം സംഗീതോപകരണങ്ങളായി. ഗിറ്റാറും ബഞ്ചോയും ഇതിനോടൊപ്പം ചേര്‍ക്കും. പതിനാറ് വയസ്സുകാരനായ ലെനനെ ഈ സംഗീതക്രമം വല്ലാതെ ആകര്‍ഷിച്ചു.
ഈ സമയത്താണ് ലെനൻ പതിനഞ്ച് വയസ്സുള്ള പോൾ മക്കാർട്ടിനിയെ കണ്ടുമുട്ടിയത്. പോളും ഒരു സംഗീതഭ്രാന്തനായിരുന്നു. അനേകം സംഗീത വാദ്യങ്ങള്‍ പോളിന് കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്നു. ക്യാന്‍സര്‍ രോഗം വന്ന് പോളിന്‍റെ അമ്മയും മരിച്ചിരുന്നു. ഇരുവര്‍ക്കും താല്‍പര്യമുള്ള സംഗീതങ്ങളായ അമേരിക്കന്‍ ബ്ലൂസ്, റോക്ക് ആന്‍റ് റോള്‍ എന്നിവയെപ്പറ്റിയുള്ള ആശയങ്ങളും അഭിരുചിയും അവര്‍ നിരന്തരം പങ്കിട്ടു. അങ്ങനെ അവരുടെ ബന്ധം സുദൃഢമായി. പക്ഷേ മക്കാർട്ടിനിയുടെ പിതാവിന് അവരുടെ സൗഹൃദം ഒട്ടും ഇഷ്ടപ്പെട്ടില്ല. "അവന്‍റെ കൂടെക്കൂടി നീയും കുഴപ്പത്തില്‍ ചെന്ന് ചാടും" എന്നദ്ദേഹം കുറ്റപ്പെടുത്തി.
"ഞാനൊരു അന്തര്‍മുഖനും ഒരുപാട് ചിന്തകളില്‍ അകപ്പെട്ടവനുമാണ്. എനിക്കെന്തോ കുഴപ്പമുണ്ടായിരുന്നു. മറ്റുള്ളവര്‍ കാണാത്ത പലതും ഞാന്‍ കണ്ടു. എന്‍റെ മനസ്സ് ഒരേ സമയം സങ്കീര്‍ണ്ണവും അലിവുള്ളതും കാവ്യാത്മകവുമായിരുന്നു. മനസ്സില്‍തെളിഞ്ഞ മായാദൃശ്യങ്ങളിലൂടെ പല ജീവിത യാഥാര്‍ത്ഥ്യങ്ങളും ഞാന്‍ മനസ്സിലാക്കി. മനസ്സ് തുറക്കനാവാത്ത ഭീതി നിറഞ്ഞ ആ ബാല്യം മറ്റുള്ളവരില്‍ നിന്നെന്നെ ഒറ്റപ്പെടുത്തി. അതില്‍ മനംനൊന്ത ഞാന്‍ ഓസ്കാർ വൈൽഡ്, ഡിലൻ തോമസ്, വിൻസെന്റ്റ് വാൻ ഗോഗ് പോലുള്ള മഹാപ്രതിഭകളുമായി കൂട്ടുകൂടി. അവരെല്ലാം എന്നെപ്പോലെ തന്നെ അദൃശ്യലോക സഞ്ചാരികളായിരുന്നു. തങ്ങളുടെ യഥാര്‍ത്ഥ സ്വതം വെളിപ്പെടുത്തിയതിന്‍റെ പേരില്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയവര്‍. ഇതെന്‍റെ ഏകാന്തതയെ വര്‍ദ്ധിപ്പിച്ചു".
എല്ലാവരുടെയും സ്നേഹവും കരുതലും ഞാൻ ആഗ്രഹിച്ചിരുന്നു.പക്ഷേ അതുമോഹിച്ച് സ്വയം നഷ്ടപ്പെടാനോ മാറാനോ എനിക്ക് താല്പര്യമില്ലായിരുന്നു. എൻ്റെയീ പ്രകൃതം എൻ്റെ സുഹൃത്തുക്കളിൽ നിന്ന് എന്നെ കൂടുതൽ അകറ്റി. അവരുടെ വീട്ടുകാർക്കും എൻ്റെയൊപ്പം അവരെ വിടരുതെന്ന ബോധ്യമുണ്ടായി.

No comments:
Post a Comment