Tuesday, 26 September 2017

സംഗീതമോ ശബ്‌ദമോ?





നിങ്ങൾ ഡേർട്ടി പിക്ചർ എന്ന ഹിന്ദി സിനിമ കണ്ടുകാണും. ചിത്രത്തിന് ഇതിനേക്കാള്‍ അനുയോജ്യമായൊരു പേരില്ല! തെന്നിന്ത്യൻ സിനിമാതാരം സിൽക്ക് സ്മിതയുടെ ജീവിതദുരിതങ്ങൾ പറഞ്ഞ ചിത്രം വലിയ വിജയമായിരുന്നു.നിലവാരമേതുമില്ലാതിരുന്ന ഈ സിനിമയിലെ നായിക വിദ്യാബാലൻ ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡിന് അർഹയുമായി! ചിത്രത്തിലെ ‘ഊലാലാ ഊലാലാ’ എന്ന പാട്ടും അതുപോലെ  വമ്പന്‍ ഹിറ്റായിരുന്നു. വിശാൽ ശേഖറാണ് സംഗീതസംവിധായകൻ. എൺപതുകളിലെ പ്രസിദ്ധ ഹിന്ദി സംഗീതസംവിധായകന്‍ ബാപ്പി ലഹിരിയും ശ്രേയ ഘോഷാലുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഒരുപാട് കാര്യങ്ങളില്‍ ഞെട്ടലുണ്ടാക്കിയൊരു ഗാനമായിരുന്നു അത്.

അതില്‍ ആദ്യം പറയേണ്ടത് വളരെ സ്വാഭാവികമാണെന്ന് കരുതിയിരുന്ന ശ്രേയ ഘോഷാലിന്‍റെ അങ്ങേയറ്റം കൃതൃമമായ ആലാപനമാണ്. 1983-ൽ പുറത്തിറങ്ങിയ 'മാവാലി' എന്ന ചിത്രത്തിലെ ബാപ്പി ലഹിരിയുടെ തന്നെ ‘ഉയ് അമ്മ, ഉയ് അമ്മ’ എന്ന ഗാനത്തിനെ അതേപടി പകര്‍ത്തിവെച്ചിരിക്കുന്നുവെന്നതാണ് മറ്റൊരത്ഭുതം.ഇത് സ്വന്തം ഈണമാണെന്ന് ബാപ്പി ലഹിരിപോലും ഒരിടത്തും പരാമര്‍ശിച്ചു കണ്ടതുമില്ല. എന്നാൽ മുപ്പത് വർഷംമുമ്പ് രേഖപ്പെടുത്തിയ ഉയ് അമ്മയുടെ ശബ്ദമിശ്രണത്തിൻറെ പത്തിലൊന്നു നിലവാരം പോലും ഊലാലയുടെ ശബ്ദമിശ്രണത്തിൽ
കേൾക്കാൻ കഴിഞ്ഞില്ല എന്നതാണ് ശരിക്കും ഞെട്ടിച്ചത്! സംശയമുള്ളവര്‍ക്ക് മാവാലിയുടെ വയനൈൽ റിക്കാര്‍ഡ് ഉയര്‍ന്ന നിലവാരമുള്ളൊരു ശബ്ദസങ്കേതത്തില്‍ കേട്ട് പരിശോധിക്കാവുന്നതാണ്.

തുടക്കകാലം മുതല്‍ ഏറ്റവും മികച്ച ശബ്ദത്തില്‍ കേട്ടിരുന്ന എ ആര്‍ റഹ്മാന്‍റെ 2013-ല്‍ പുറത്തിറങ്ങിയ ‘കടല്‍’ എന്ന മണിരത്നം ചിത്രത്തിലെ ഗാനങ്ങളൊന്നു കേട്ട് നോക്കുക. സര്‍ഗ്ഗാത്മകതയില്‍ ഒട്ടും പിന്നിലല്ലാത്ത അതിലെ പാട്ടുകള്‍ എന്നാല്‍ ശരാശരിയിലും താഴ്ന്ന ശബ്ദമിശ്രണം കാരണം കാതിന് അലോസരമാകുന്നു.

‘അന്‍ബിന്‍ വാസലേ’യെന്ന ഗാനം ഒരു റേഡിയോയില്‍ പാടുന്നു. അസാധ്യമായ വാദ്യക്രമീകരണങ്ങളുള്ള ഈ ഗാനം എന്നാല്‍ വളരെ മോശമായ ശബ്ദമിശ്രണം കാരണം വ്യത്യസ്ത ശബ്ദങ്ങൾ ഒന്നിനൊന്നോട് ഇടകലര്‍ന്നുണ്ടാക്കുന്ന അവ്യക്തതത കേള്‍വിക്കാരനില്‍ ഇത് റഹ്മാന്‍റെ പാട്ട് തന്നെയാണോയെന്ന സംശയമുണ്ടാക്കുന്നു. അടുത്ത ഗാനം റഹ്മാന്‍റെ തന്നെ ‘അഞ്ജലി അഞ്ജലി’ ആയിരുന്നു. ആമുഖമായി ഒഴുകിയ സാക്സഫോണിന്‍റെ ശബ്ദം അതിശയിപ്പിക്കുന്ന വ്യക്തതയോടെ കേള്‍ക്കാം. തൊട്ടടുത്ത് നിന്നാരോ വായിക്കുന്ന പ്രതീതി. പാട്ടിലുടനീളം അത്ഭുതകരമായ ഇതേ ശബ്ദനിലവാരം തുടര്‍ന്നു.

എന്താണ് സംഭവിക്കുന്നത്? ശബ്ദസാങ്കേതികവിദ്യ അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലാണ് ഇത്തരത്തിലൊരു പതനം സംഭവിക്കുന്നതെന്ന് വിശ്വസിക്കാൻ കഴിയില്ല! ശബ്ദലേഖന സമയത്തോ അല്ലെങ്കിൽ പാട്ടുകളുടെ പകർപ്പുകള്‍ എടുക്കുമ്പോളോ ഉണ്ടാകുന്ന പിഴവാണോ കാരണം?. അതോ സംഗീതത്തില്‍ ഒരുപാടുയരങ്ങള്‍ കീഴടക്കിയ റഹ്മാന്‍, തന്‍റെ പാട്ടുകളില്‍ ഇനിമുതല്‍ ശബ്ദനിലവാരത്തിന്‍റെ ആവശ്യമില്ലെന്ന നിഗമനത്തിലേക്കെത്തിയോ? ഇനി അതുമല്ലെങ്കില്‍ സംഗീതത്തില്‍ ശബ്ദനിലവാരത്തിന് പ്രസക്തിയേയില്ലെന്നാണോ?

സ്വാഭാവിക ശബ്ദങ്ങളെ മനുഷ്യര്‍ രസിപ്പിക്കുന്ന രീതിയില്‍ കോര്‍ത്തിണക്കാന്‍ തുടങ്ങിയപ്പോളാണ് സംഗീതമുണ്ടായത്.ആദ്യകാലങ്ങളില്‍ വായ്പ്പാട്ടും വാദ്യവിന്യാസങ്ങളുമെല്ലാം നേരിട്ടുള്ള അവതരണങ്ങളിലൂടെ മാത്രമായിരുന്നു കേള്‍വിക്കാര്‍ ആസ്വദിച്ചിരുന്നത്. തികച്ചും തനിമയുള്ള സംഗീതാനുഭവം. നൂറ്റാണ്ടുകളോളം ഈ രീതി തുടര്‍ന്നു. വീണ്ടും വീണ്ടും കേള്‍ക്കാനുള്ള അവരുടെ താല്‍പര്യമാകാം സംഗീതം എങ്ങനെയെങ്കിലും ആലേഖനം ചെയ്യപ്പെടണമെന്ന ചിന്തയിലെത്തിച്ചത്. പക്ഷേ അന്ന് അതിനുള്ള മാര്‍ഗങ്ങളില്ലായിരുന്നു.

വെറും നൂറ്റിയമ്പത്തഞ്ച് വർഷങ്ങൾക്ക് മുൻപാണ് ഫ്രാൻസിലെ ഒരു പുസ്തക പ്രസാധകൻ ശബ്ദങ്ങൾ ആലേഖനം ചെയ്യാനുള്ള വിദ്യ കണ്ടെത്തുന്നത്. എഡ്വേർഡ് സ്കോട്ട് ഫ്രാൻസിലെ ഒരു പത്രത്തിന്‍റെ പ്രസാധകനായിരുന്നു. കടലാസില്‍ ശബ്ദങ്ങള്‍ രേഖപ്പെടുത്താവുന്ന ഫോണോട്ടോഗ്രഫ് എന്നൊരു യന്ത്രം അദ്ദേഹം നിര്‍മ്മിച്ചു. ആദ്യം ഒരു കടലാസ് എണ്ണവിളക്കിലെ കരിയില്‍ മുക്കിയെടുത്തു. ശേഷം ഒരു പഴയ ഫ്രഞ്ച് നാടോടിപ്പാട്ട് അതില്‍ ആലേഖനം ചെയ്തു. ഒരു സ്ത്രീയുടെ ശബ്ദത്തില്‍ ‘നിലാവിന്‍റെ തീരത്ത്’ എന്നാരംഭിച്ച ഗാനം. 'സംഗീതം' അങ്ങനെ ആലേഖനം ചെയ്യപ്പെടുന്ന ആദ്യത്തെ ശബ്ദമായി മാറി. സംഗീതംനിറഞ്ഞ ആ കടലാസ് പക്ഷേ കണ്ടാല്‍ ഒരു കുഞ്ഞിന്‍റെ കുത്തിവര പോലെയിരുന്നു. കടലാസില്‍ പതിഞ്ഞ സംഗീതം തിരിച്ച് കേള്‍ക്കാന്‍ അപ്പോഴും വഴിയില്ലായിരുന്നു. ഇക്കാരണത്താല്‍ അതിലുള്ളത് സംഗീതമാണെന്നും ആരും വിശ്വസിച്ചില്ല. ഒടുവില്‍ നൂറ്റിയമ്പത് വർഷങ്ങൾക്ക് ശേഷം 2008-ല്‍ ഒരു കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ അന്ന് രേഖപ്പെടുത്തിയ ഗാനം തിരിച്ചുകേട്ടപ്പോളാണ് ലോകം ആ സത്യം തിരിച്ചറിഞ്ഞത്.

1890-കളില്‍ സംഗീതം ഒരേസമയം രേഖപ്പെടുത്താനും എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാനും സാധിക്കുന്ന ഒരുപാടുപകരണങ്ങള്‍ വന്നു. ശാസ്ത്രജ്ഞന്മാരായ എമിലി ബെർലിയും തോമസ് ആൽവ എഡിസണെയും പോലെയുള്ളവരുടെ കഠിനശ്രമങ്ങള്‍ ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. അന്ന് വികസിപ്പിച്ചെടുത്ത ശബ്ദലേഖന സംവിധാനമാണ് എക്കാലത്തെയും മികച്ചരീതിയെന്ന് നിസ്സംശയം പറയാം. ആദ്യമൊരു കുഴലിന്‍റെ  ആകൃതിയില്‍ രൂപപ്പെടുത്തി പിന്നീട് നിരവധി മെച്ചപ്പെടുത്തലുകളും മാറ്റങ്ങളും വരുത്തിയ ഭാരമേറിയ വട്ടത്തകിടായ 'ഡയമണ്ട് ഡിസ്ക്'. അതായിരുന്നു ഒരു നൂറ്റാണ്ട് മുഴുവന്‍ മനുഷ്യന്‍റെ ഏറ്റവും പ്രിയപ്പെട്ട ശബ്ദ പുനഃസൃഷ്ടി വിദ്യ.
ഡയമണ്ട് ഡിസ്ക് 

എഴുപതുകളില്‍ കാസ്സെറ്റിന്‍റെ വരവോടെ റിക്കാഡുകളുടെ ജനപ്രീതി കുറഞ്ഞു. റിക്കാര്‍ഡുകളില്‍ കേട്ട ശബ്ദത്തിന്‍റെ യാതൊരു തെളിമയും ഗുണവും കാസെറ്റുകളിലുണ്ടായിരുന്നില്ല. എങ്കിലും സൗകര്യപ്രദമായി എവിടേയും കൊണ്ടുപോകാനും എപ്പോള്‍ വേണമെങ്കിലും വളരെയെളുപ്പം പാട്ട് കേള്‍ക്കാനുമൊക്കെ  കാസ്സെറ്റുകള്‍ സഹായിച്ചു. അവ റിക്കാര്‍ഡുകളെപ്പോലെ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുകയോ പരിപാലിക്കുകയോ വേണ്ടായിരുന്നു. അതിനാൽ ആളുകള്‍ നിർദയം റിക്കാര്‍ഡുകളെ  ഉപേക്ഷിച്ചു.

പിന്നീട് വന്ന കോംപാക്ട് ഡിസ്ക് (സിഡി) കാസ്സറ്റുകളെക്കാൾ പലമടങ്ങ് ഉയർന്ന ഗുണമുള്ള ശബ്ദത്തിൽ പാടി. അപ്പോഴും കൃത്യമായ ശബ്ദ  ക്രമീകരണങ്ങളുടെ ബലത്തിൽ പാടിക്കുന്ന വയനയിൽ റിക്കാർഡുകൾക്ക് പിന്നിലായിരുന്നു സിഡികളുടെയും ശബ്ദമികവ്. അങ്ങനെയുള്ള ശബ്ദസങ്കേതത്തിൽ സംഗീതം കേട്ട ഏതൊരാൾക്കും ഈ അഭിപ്രായത്തിൽ ഒരു വിയോജിപ്പുണ്ടാവാൻ സാധ്യതയില്ല.

ആയിരക്കണക്കിന് പാട്ടുകളെ യഥാർത്ഥത്തിൽ ലേഖനം ചെയ്യപ്പെട്ട ശബ്ദമേന്മയിൽ  നിന്ന് പലമറി ഞെക്കിപ്പിഴിഞ്ഞ് (കമ്പ്രെസ്സ്) mp3 എന്ന ഡിജിറ്റൽ ഘടനയിലേക്ക് ഇന്ന് മാറ്റാനാകും. അവയാണ് നമ്മൾ ദിനംതോറും നമ്മുടെ കമ്പ്യൂട്ടർ, ഐപാഡ്, ഐഫോൺ, സ്മാർട്ട്ഫോൺ എന്നിവയിലൂടെയൊക്കെ കേട്ടുവരുന്നത്. എന്നാൽ മുൻപ് ഓഡിയോ കാസെറ്റുകളിൽ കേട്ടിരുന്ന ശബ്ദത്തിനേക്കാൾ എത്രയോ പരിതാപകരമായ രൂപമാണ് നാമിന്ന് നിത്യേനെ കേൾക്കുന്ന mp3 എന്ന വസ്തുത തിരിച്ചറിയാതെ പോകുന്നു. ആ വിലകുറഞ്ഞ ടേപ്പുകളിൽ പോലും ഒരു പരിധിവരെ നാം അനുഭവിച്ച സ്വാഭാവികമായ ശബ്ദത്തിൻറെ ഊഷ്മളത ഇന്നുള്ള എല്ലാ ഡിജിറ്റൽ ഘടനകളിലും കേൾക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം.

അമേരിക്കയിലും യൂറോപ്പിലും 1890-കളിൽ തന്നെ ശബ്ദലേഖനശാലകൾ (സ്റ്റുഡിയോ) പ്രവർത്തനം ആരംഭിച്ചു. പിന്നീടുള്ള മൂന്ന് പതിറ്റാണ്ടുകാലം ഉച്ചഭാഷിണികളുടെയും(മൈക്രോഫോൺ) ശബ്ദവാർദ്ധിനികളുടെയും(ആംപ്ലിഫയർ) അഭാവത്തിൽ നല്ല അക്കൗസ്റ്റിക്സിൻറെ ബലത്തിലായിരുന്നു ശബ്ദോത്പാദനം നടത്തിയിരുന്നത്. മറ്റു ബഹളങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നതും കൃത്യമായ ശബ്ദാവരണം ചെയ്തതുമായ മുറികളിലായിരുന്നു അന്നത്തെ എല്ലാ ശബ്ദലേഖനങ്ങളും സാധിച്ചിരുന്നത്.

പിൽക്കാലത്ത് സുലഭമായ ഗ്രാമഫോൺ പെട്ടികളിൽ നാം കണ്ടിട്ടുള്ളത് പോലെ കോളാമ്പി വായുള്ള യന്ത്രത്തിന് ചുറ്റും വാദ്യസംഗീതകാരും ഗായകരും ഒരുമിച്ചിരുന്നു പാടും. അങ്ങനെയുണ്ടാകുന്ന സംഗീതത്തെ തടസ്സങ്ങളില്ലാതെ നേരെ ഒരു വൃത്താകൃതിയിൽ ചെറുസുഷിരങ്ങളടങ്ങിയ മെഴുകുപലകയിലേക്ക് (റിക്കാർഡ്) ആലേഖനം ചെയ്യുന്നു. ഈ സംവിധാനം പിന്നീട് പലകാലം തുടർന്നു. രേഖപ്പെടുത്തിയ സംഗീതം എളുപ്പം തിരിച്ചു പാടിക്കാനും കേൾക്കാനും സാധിക്കുമെന്നതായിരുന്നു അതിൻറെ പ്രത്യേകത. ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ അങ്ങനെ ആലേഖനം ചെയ്യപ്പെട്ട അനവധി സംഗീത- സംഭാഷണ  റിക്കാർഡുകൾ ഞാൻ കേട്ടിട്ടുണ്ട്.
ആദ്യകാല ശബ്ദലേഖനം 

ഏതാണ്ട് 1925-ഓടെ  ഉച്ചഭാഷിണികളുടേയും ശബ്ദവർദ്ധിനികളുടേയും കടന്നുവരവോടെ  വൈദ്യുത (ഇലക്ട്രോണിക്) ശബ്ദലേഖന സംവിധാനം നിലവിൽ വന്നു. എങ്കിലും മറ്റു ബഹളങ്ങൾ കൂടിക്കലരാതെ മേന്മയും സ്വാഭാവികമായ  തെളിമയും ആഴവുമുള്ളതുമായ ശബ്ദലേഖനം നടത്താൻ കാര്യമായ പരിശ്രമങ്ങൾ അപ്പോഴും വളരെ വിരളമായിരുന്നു. എന്നിരുന്നാലും ശബ്ദങ്ങൾ ആലേഖനം ചെയ്യാനും എപ്പോൾ വേണമെങ്കിലും കേട്ടാസ്വദിക്കാനും സാധിക്കുന്നുണ്ടല്ലോ എന്നതായിരുന്നു അന്നുള്ളവരുടെ ഏക ആശ്വാസം.

ശബ്ദലേഖന വ്യവസായത്തെ മറ്റൊരു ഉന്നത നിലവാരത്തിലേക്ക് കൈപിടിച്ചുയർത്തിയ മാർഗ്ഗദർശികളുടെ ഇടയിൽ അമേരിക്കയിലെ വിഖ്യാത നടനും ഗായകനുമായിരുന്ന ബിംഗ് ക്രോസ്ബിയുടെ സാന്നിധ്യം പ്രശംസനീയമാണ്. 1930-കളിൽ എഴുതപ്പെട്ട അദ്ധേഹത്തിൻറെ പലഗാനങ്ങളുടെ വയനയിൽ റിക്കാർഡുകൾ ഞാൻ കേട്ടിട്ടുണ്ട്. അന്നത്തെ സാങ്കേതിക പരിമിതികൾ കണക്കിലെടുത്തുകൊണ്ട് വിലയിരുത്തി
നോക്കിയാൽ അവയുടെ ശബ്ദമികവ്






Wednesday, 20 September 2017

ജോണ്‍ ലെനന്‍-ആത്മീയ ഗായകൻ

ജോണ്‍ ലെനന്‍

'റോക്ക് ആന്‍റ് റോള്‍ ' സംഗീതത്തിലെ 
ഏറ്റവും പ്രശസ്തനായ ഗായകനും ഗാനരചയിതാവും സംഗീതകാരനുമായിരുന്നു ജോണ്‍ ലെനന്‍. അദ്ദേഹവും അദ്ദേഹത്തിന്‍റെ ബീറ്റിൽസ് എന്ന സംഗീത സംഘവും ലോകത്തിലെ ജനപ്രിയ സംഗീതത്തിന് പുതിയൊരു മുഖം നല്‍കി. വെറും പത്ത് വര്‍ഷം മാത്രം പ്രവര്‍ത്തിച്ച ബീറ്റില്‍സ് സംഗീതസംഘത്തിന് ഇന്നും ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുണ്ട്. ബീറ്റില്‍സായിരുന്നു പോപ്പ് സംഗീതത്തെ സ്വകാര്യ ആസ്വാദന തലത്തില്‍ നിന്ന് സാമൂഹികമായ മാറ്റത്തിനുതകുന്ന തരത്തില്‍ ഉന്നതമായ ഒരു മാധ്യമമായി രൂപപ്പെടുത്തിയത്. പ്രണയഗാനങ്ങള്‍ മാത്രം പാടുന്ന സുമുഖരായ ചെറുപ്പക്കാരുടെ സംഘമായി തുടങ്ങിയ ബീറ്റില്‍സ് പിന്നീട് രാഷ്ട്രീയ-സാമൂഹ്യ പ്രതിബദ്ധതയുളള മാറ്റത്തിന്‍റെ സംഗീതമായി മാറി. ലോകത്താകെ അവരുടെ സംഗീതമുണ്ടാക്കിയ തരംഗം ബീറ്റില്‍ മാനിയ’ എന്ന്‍ വിളിക്കപ്പെട്ടു. ലോകത്താകെ തീവ്രമായ ആശയപ്പോരും ഭീതിയും പടര്‍ന്ന അറുപതുകളുടെ അന്തരീക്ഷത്തിന്‍റെ നേര്‍ പ്രതിഫലനവും അവതരണവുമായിരുന്നു ബീറ്റില്‍സ്. ബീറ്റില്‍സ് സംഘം അവരുടെ സംഗീതയാത്ര ആരംഭിക്കുമ്പോള്‍ ലെനന് വെറും പതിനാറ് വയസ്സ് പ്രായം.

1940 ഒക്ടോബറില്‍ ഇംഗ്ലണ്ടിലെ ലിവര്‍പൂളിലായിരുന്നു ലെനന്‍റെ ജനനം. ജൂലിയയുടെയും കപ്പല്‍ ജീവനക്കാരനായ ആല്‍ഫ്രഡിന്‍റെയും മകന്‍. അപൂര്‍വ്വമായി മാത്രം വീട്ടിലുണ്ടാവാറുള്ള ആല്‍ഫ്രെഡ് പക്ഷേ മുടക്കമില്ലാതെ വീട്ടിലേക്ക് പണമയച്ചു. അദ്ദേഹത്തിന് ജോലി നഷ്ടമായപ്പോള്‍ അതും നിലച്ചു. രണ്ട് വര്‍ഷം കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ ആല്‍ഫ്രഡിനെ അപ്പോഴേക്കും മറ്റൊരാളുടെ കുഞ്ഞിനെ ചുമക്കാന്‍ തുടങ്ങിയ ജൂലിയ സ്വീകരിക്കാന്‍ തയ്യാറായില്ല. ആല്‍ബേര്‍ട്ടിന്‍റെ അഭാവത്തില്‍ അനാഥരായ ജൂലിയയും ലെനനും പട്ടിണിയാവാതിരിക്കാന്‍ വേണ്ടി കണ്ടെത്തിയ അഭയമായിരുന്നു ആ പുതിയ ബന്ധം.  

ന്യൂസിലാണ്ടില്‍ രഹസ്യമായി പാര്‍ക്കാമെന്ന ഉദ്ദേശത്തില്‍ മകന്‍ ലെനനെ ആല്‍ഫ്രഡ്‌ തട്ടിയെടുത്തു. എന്നാല്‍ ജൂലിയ ആല്‍ഫ്രഡിന്‍റെ ഈ ശ്രമത്തെ പരാജയപ്പെടുത്തി. മകനെ സ്വന്തമാക്കാനുള്ള ഇരുവരുടേയും നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ മാതാപിതാക്കളില്‍ ആരെ വേണമെന്ന്‍ തെരഞ്ഞെടുക്കാന്‍ ആല്‍ഫ്രഡ്‌ ആറ് വയസ്സുള്ള ലെനനോട് തന്നെയാവശ്യപ്പെട്ടു. ലെനന്‍ അച്ഛനോടൊപ്പം പോകാന്‍ തുനിഞ്ഞെങ്കിലും അമ്മയുടെ കണ്ണുനീര്‍ അവന് സഹിക്കാനാവുമായിരുന്നില്ല. അങ്ങനെ ആല്‍ഫ്രഡിന് തന്‍റെ മകനെ പിരിയേണ്ടി വന്നു. 

കുരുത്തംകെട്ട മകനായ ലെനന്‍ ജൂലിയയുടെ കയ്യിലൊതുങ്ങാതെ വന്നു. സ്കൂളില്‍ മറ്റു കുട്ടികളുമായി തല്ലു കൂടി പുറത്താവുന്നത് ലെനന്‍ പതിവാക്കി. സഹികെട്ട ജൂലിയ ലെനനെ തന്‍റെ മൂത്ത സഹോദരിയായ മിമിയ്ക്കൊപ്പം നിറുത്തി. പിന്നീട് വല്ലപ്പോഴും മാത്രം അവനെ പോയി കണ്ടിരുന്ന ജൂലിയ എന്നാല്‍ തനിക്കുള്ള സംഗീതവാസന അവനിലേക്കും എത്തിക്കാന്‍ ശ്രദ്ധിച്ചു. നന്നേ ചെറുപ്പത്തിലേ തന്നെ അവനെ ബഞ്ചോ എന്ന ഉപകരണം വായിക്കാന്‍ അവര്‍ പരിശീലിപ്പിച്ചു. എല്‍വിസ് പ്രിസ്ലിയുടെ ഗാനശേഖരങ്ങള്‍ അവനെ കേള്‍പ്പിച്ചു. 

ഗിറ്റാറിനോടുള്ള തന്‍റെ കമ്പം അമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്തി ഒരെണ്ണം അവന്‍ തരപ്പെടുത്തിയെടുത്തു. ഗിറ്റാര്‍ കയ്യിലെടുത്ത്കൊണ്ട്, ഒരുനാള്‍ താനും വളരെ പ്രശസ്തനാകുമെന്ന് ലെനന്‍ പ്രഖ്യാപിച്ചു. ജൂലിയ അതിനെ വെറുമൊരു കുഞ്ഞിന്‍റെ വ്യാമോഹമായി മാത്രം കരുതി. "ഗിറ്റാറൊക്കെ നല്ലത് തന്നെ. പക്ഷേ നിനക്കിത് വഴി ജീവിക്കാനാകില്ല" അവര്‍ അവനെ ഉപദേശിച്ചു.

ഒരിക്കല്‍ ജോണിനെ കണ്ട് മടങ്ങുമ്പോള്‍ കാറ് തട്ടി അവര്‍ മരിച്ചു. പില്‍ക്കാലത്ത് ജോണ്‍ ഇങ്ങനെ അപലപിച്ചു, "എനിക്കു രണ്ടുവട്ടം അമ്മയെ നഷ്ടമായി. അഞ്ചു വയസ്സില്‍ അമ്മ അവിടെ ഉണ്ടായിരുന്നപ്പോഴും. പിന്നീട് പതിനാറ് വയസ്സില്‍ ഞാന്‍ പതിയെ അമ്മയുമായി അടുക്കാന്‍ തുടങ്ങുമ്പോഴും".

അക്കാലത്ത് ബ്രിട്ടനില്‍ പ്രചാരത്തിലുണ്ടായിരുന്ന ജനപ്രിയ നാടോടി സംഗീതകാരായിരുന്നു സ്കിഫ്ഫില്‍ സംഘങ്ങള്‍. വീട്ടുവസ്തുക്കളായിരുന്നു സംഗീതമുണ്ടാക്കാന്‍ അവര്‍ ഉപയോഗിച്ചിരുന്നത്. തവി, കിണ്ണം, ചട്ടി, കരണ്ടി എന്നിവയെല്ലാം സംഗീതോപകരണങ്ങളായി. ഗിറ്റാറും ബഞ്ചോയും ഇതിനോടൊപ്പം ചേര്‍ക്കും. പതിനാറ് വയസ്സുകാരനായ ലെനനെ ഈ സംഗീതക്രമം വല്ലാതെ ആകര്‍ഷിച്ചു.

ഈ സമയത്താണ് ലെനൻ പതിനഞ്ച് വയസ്സുള്ള പോൾ മക്കാർട്ടിനിയെ കണ്ടുമുട്ടിയത്. പോളും ഒരു സംഗീതഭ്രാന്തനായിരുന്നു. അനേകം സംഗീത വാദ്യങ്ങള്‍ പോളിന് കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്നു. ക്യാന്‍സര്‍ രോഗം വന്ന് പോളിന്‍റെ അമ്മയും മരിച്ചിരുന്നു. ഇരുവര്‍ക്കും താല്‍പര്യമുള്ള സംഗീതങ്ങളായ അമേരിക്കന്‍ ബ്ലൂസ്, റോക്ക് ആന്‍റ് റോള്‍ എന്നിവയെപ്പറ്റിയുള്ള ആശയങ്ങളും അഭിരുചിയും അവര്‍ നിരന്തരം പങ്കിട്ടു. അങ്ങനെ അവരുടെ ബന്ധം സുദൃഢമായി. പക്ഷേ മക്കാർട്ടിനിയുടെ പിതാവിന് അവരുടെ സൗഹൃദം ഒട്ടും ഇഷ്ടപ്പെട്ടില്ല. "അവന്‍റെ കൂടെക്കൂടി നീയും കുഴപ്പത്തില്‍ ചെന്ന് ചാടും" എന്നദ്ദേഹം കുറ്റപ്പെടുത്തി.

"ഞാനൊരു അന്തര്‍മുഖനും ഒരുപാട് ചിന്തകളില്‍ അകപ്പെട്ടവനുമാണ്. എനിക്കെന്തോ കുഴപ്പമുണ്ടായിരുന്നു. മറ്റുള്ളവര്‍ കാണാത്ത പലതും ഞാന്‍ കണ്ടു. എന്‍റെ മനസ്സ് ഒരേ സമയം സങ്കീര്‍ണ്ണവും അലിവുള്ളതും കാവ്യാത്മകവുമായിരുന്നു. മനസ്സില്‍തെളിഞ്ഞ മായാദൃശ്യങ്ങളിലൂടെ പല ജീവിത യാഥാര്‍ത്ഥ്യങ്ങളും ഞാന്‍ മനസ്സിലാക്കി. മനസ്സ് തുറക്കനാവാത്ത ഭീതി നിറഞ്ഞ ആ ബാല്യം മറ്റുള്ളവരില്‍ നിന്നെന്നെ ഒറ്റപ്പെടുത്തി. അതില്‍ മനംനൊന്ത  ഞാന്‍ ഓസ്കാർ വൈൽഡ്, ഡിലൻ തോമസ്, വിൻസെന്റ്റ് വാൻ ഗോഗ് പോലുള്ള മഹാപ്രതിഭകളുമായി കൂട്ടുകൂടി. അവരെല്ലാം എന്നെപ്പോലെ തന്നെ അദൃശ്യലോക സഞ്ചാരികളായിരുന്നു. തങ്ങളുടെ യഥാര്‍ത്ഥ സ്വതം വെളിപ്പെടുത്തിയതിന്‍റെ പേരില്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയവര്‍. ഇതെന്‍റെ ഏകാന്തതയെ വര്‍ദ്ധിപ്പിച്ചു".


എല്ലാവരുടെയും സ്നേഹവും കരുതലും ഞാൻ ആഗ്രഹിച്ചിരുന്നു.പക്ഷേ അതുമോഹിച്ച്‌  സ്വയം നഷ്ടപ്പെടാനോ മാറാനോ എനിക്ക് താല്പര്യമില്ലായിരുന്നു. എൻ്റെയീ പ്രകൃതം എൻ്റെ സുഹൃത്തുക്കളിൽ നിന്ന് എന്നെ കൂടുതൽ അകറ്റി. അവരുടെ വീട്ടുകാർക്കും എൻ്റെയൊപ്പം അവരെ വിടരുതെന്ന ബോധ്യമുണ്ടായി.