മഹാനായ പ്രേം നസീറിന്റെ ഏക മകൻ ഷാനവാസ് ആദ്യമായി അഭിനയിച്ച പ്രേമഗീതങ്ങൾ സിനിമയിൽ ജോൺസൺ സംഗീതം നൽകിയ 'കളകളമൊഴി പ്രഭാതമായി' പാട്ട് റേഡിയോയിൽ പാടിക്കൊണ്ടിരിക്കുന്നു. അങ്ങേയറ്റം ആത്മാർത്ഥമായി, നല്ല ഫീലോടെ ആ ഗാനം പാടുന്ന ഗായകനാരാണ്? ജെ എം രാജുവാണ് അത് പാടിയിരിക്കുന്നതെന്ന് കണ്ടെത്തി. ആരാണ് ജെ എം രാജു?
എറണാകുളത്ത് ജനിച്ച് വളർന്ന് മെഹബൂബ്, കെ എസ് ജോർജ്ജ്, സി ഓ ആന്റോ എന്നിവരംഗങ്ങളായിരുന്ന ആസാദ് ആർട്സ് ക്ലബ്ബിലെ ഗായകനായി. പിന്നീട് കെ എസ് ജോർജ്ജിന്റെ സ്ഥിരം സഹഗായകനായി. ഇഷ്ട സംഗീത സംവിധായകൻ എം എസ് വിശ്വനാഥനെയും ഇഷ്ടഗായകൻ പി ബി ശ്രീനിവാസിനെയും കാണാനും സിനിമയിൽ പാടാനും മോഹിച്ച് വളരെ ചെറുപ്രായത്തിൽ മദിരാശിയിലേക്ക് ചേക്കേറി. 1967ൽ ദേവരാജന്റെ സംഗീതത്തിൽ നാടന്പെണ്ണ് എന്ന സിനിമയ്ക്കുവേണ്ടി 'നാടന് പ്രേമം നാടോടി പ്രേമം' എന്ന പാട്ടുപാടിക്കൊണ്ട് സിനിമയിൽ തുടങ്ങി. 1970ൽ ക്രിസ്ത്യൻ ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചതോടെ അവരുടെ സ്ഥിരം ഗായകനായി മാറി. ദുഖത്തിന്റെ പാനപാത്രം, ഹൃദയകവാടത്തിൽ മുട്ടിവിളിക്കുന്ന തുടങ്ങിയ അദ്ദേഹത്തിന്റെ പല കൃസ്തീയ ഗാനങ്ങൾ റേഡിയോയിലൂടെയും റെക്കോർഡ്കളിലൂടെയും പ്രസിദ്ധമായി. പിന്നീട് ശ്രീലങ്കാ പ്രക്ഷേപണ നിലയത്തിന്റെ വാനമുദം പരിപാടിയിലൂടെ ഏഷ്യയിലുടനീളമുള്ള മലയാളികളുടെ പ്രിയപ്പെട്ട പ്രക്ഷേപകനായി.
മാറ്റാർക്കുമില്ലാത്ത ആലാപനമാണ് ജെ എം രാജുവിന്റേത്. ഒറ്റക്കേൾവിയിൽ തന്നെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നതും പിന്നീട് മറക്കാനാവാത്തതുമായ പാട്ടുകളാണ് അദ്ദേഹം പാടിയിരിക്കുന്നത്. 'ഈ നാട്' സിനിമയിലെ ശ്യാം സംഗീതം നൽകിയ 'ഇരുമെയ്യാണെന്നാലും മനമൊന്നായ്' എന്തൊരുഗ്രൻ പാട്ടാണ്. ആ പാട്ടിലെ ജെ എം രാജുവിന്റെ ആലാപനം ഏത് കഠിനഹൃദയത്തെയും അലിയിക്കാൻ കെൽപ്പുള്ളതാണ്. 'ഇല്ലില്ലം പൂ' (അകലങ്ങളിൽ-1986), ഗ്ലോറിയ ഗ്ലോറിയ, ചില്ലുവഴി പായും (ഇടവേള -1982), ആകാശപ്പെരുന്തച്ചൻ, തട്ടെടീ ശോശാമ്മേ (ഈ നാടു് -1982), മരതകപ്പട്ടുടുത്ത വിലാസിനി (ബാല്യ പ്രതിജ്ഞ - 1972), ഇളം മഞ്ഞിൽ (അധരങ്ങൾ വിതുമ്പുന്നു -1981), തത്തമ്മ പെണ്ണിനു കല്യാണം (തുറന്ന ജയിൽ -1982), എന്റെ കഥ നിന്റെ കഥ (ഇതു ഞങ്ങളുടെ കഥ - 1982), സ്വർഗ്ഗ വാതിൽ തുറന്നു തന്നു (ഇനിയെങ്കിലും -1983), ഓടി ഓടി ഓടി വന്നു ഞാൻ (സ്വന്തമെവിടെ ബന്ധമെവിടെ -1984) തുടങ്ങിയ അദ്ദേഹം പാടിയ പാട്ടുകൾ ഒരു തവണ ശ്രദ്ധിച്ചു കേൾക്കുക. മറ്റുള്ള ഗായകരിൽനിന്ന് ജെ എം രാജുവിനുള്ള വ്യത്യാസം നമുക്ക് മനസ്സിലാകും.
ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പാട്ടുകൾ മധുരവും വ്യത്യസ്തവും കേൾവിക്കാരന്റെ ഹൃദയത്തെ തൊടുന്നവയുമാണ്. 1992ൽ വന്ന ഷെവലിയാർ മിഖായേൽ എന്ന സിനിമയിലെ യേശുദാസ് പാടിയ 'നദി നദി നിളാനദി' എന്ന ഒരൊറ്റ ഗാനം മതി അദ്ദേഹത്തിന്റെ ഈ രംഗത്തെ പ്രതിഭ നമുക്ക് തിരിച്ചറിയാൻ. അതെ സിനിമയിലെ വാനിൽ വിഭാതം, തരംഗിണിയുടെ സ്നേഹസുധ ആൽബത്തിലെ നന്ദിയോടെ ദേവഗാനം, ദർശനം നൽകണേ മിശിഹായേ, കാനായിലെ കല്യാണനാളിൽ, തരംഗിണിയുടെ വിഷാദ ഗാനങ്ങൾ 2 ആൽബത്തിലെ വെണ്ണിലാവേ, മാനം ചോന്നെടി, ശ്യാമഗാന തരംഗിണി ആൽബത്തിലെ പറയാനുള്ളതു, ഒരു സന്ധ്യ, കേരളം മനോഹരം ടെലിവിഷൻ പരിപാടിയിലെ നവയുവ മിഥുനം, പാലരുവി നീയെനിക്കു തോഴി എന്നീ പാട്ടുകളൊക്കെ നാമൊക്കെ ഒരിക്കലെങ്കിലും കേട്ടിരിക്കേണ്ടവയാണ്.
മലയാളസിനിമയുടെ ആരംഭകാലത്തിൽ പാടിത്തുടങ്ങിയ അസാധ്യ ഗായിക ശാന്ത പി നായരുടെയും പ്രക്ഷേപകനും സാഹിത്യകാരനും തിരക്കഥാകൃത്തുമായ കെ പത്മനാഭൻ നായരുടെയും ഏകമകളും ഗായികയുമായ ലതയാണ് ജെ എം രാജുവിന്റെ ഭാര്യ. ആ വഴിക്കും വലിയയൊരു കലാപാരമ്പര്യമാണ് അദ്ദേഹത്തിന്റേത്. ആകാശവാണിയിലും ദൂരദർശനിലും പല നിലയങ്ങളുടെ സ്റ്റേഷൻ ഡയറക്റ്ററായിരുന്ന ലതാ രാജു ചെമ്മീൻ, ഏഴു രാത്രികൾ പോലെയുള്ള മഹത്തായ മലയാള സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത് കൂടാതെ നിരവധി മലയാള സിനിമകളിലെ നായികമാർക്ക് ശബ്ദം നൽകിയിട്ടുമുണ്ട്. രാജു - ലത ദമ്പതിമാർ ലോകം മുഴുവനും സഞ്ചരിച്ച് ആയിരക്കണക്കിന് സംഗീത പരിപാടികൾ നടത്തി. ഭാര്യയ്ക്കും ബേസ് ഗിറ്റാറിസ്റ്റും ഗായകനുമായ മകൻ ആലാപ് രാജുവിനും കുടുംബത്തിനുമൊപ്പം സന്തോഷകരമായ വിശ്രമ ജീവിതം നയിക്കുന്ന മഹാനായ സംഗീത കലാകാരൻ ജെ എം രാജുവിന് ഹൃദയം നിറഞ്ഞ എഴുപത്തേഴാം പിറന്നാൾ ആശംസകൾ.
