Saturday, 8 June 2019

എന്തുകൊണ്ട് കമ്മ്യൂണിസവും മറ്റൊരു മതമാകുന്നു?


ഒരു വ്യക്തി തന്റെ ആശയങ്ങൾ എഴുതി വെച്ച ഒരു മൂലഗ്രന്ഥവും അതിലുള്ള പ്രത്യയശാസ്ത്രവും ഏറ്റവും മികച്ചതാണെന്നും അത് ലോക വ്യാപകമായി പ്രചരിപ്പിച്ച് നടപ്പാക്കേണ്ട ഒന്നാണെന്നും ഏതു സെമിറ്റിക് മത വിശ്വാസിയെയും പോലെ ഓരോ കമ്മ്യൂണിസ്റ്റ് വിശ്വാസിയും കരുതുന്നു .
കുരിശ്, ഓം, ചന്ദ്രക്കല തുടങ്ങിയ മതചിഹ്നങ്ങൾ പോലെ ലോകവ്യാപകമായി ഒരേ ചിഹ്നങ്ങളും നിറങ്ങളും സംഘടനയെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നു.
മതത്തിലെ ദൈവവും സാത്താനും പോലെ, വിശ്വാസികളും അവിശ്വാസികളും പോലെ ഇവിടെ എതിർപ്പാർട്ടിക്കാരെ വർഗ്ഗശത്രുവായി പ്രതിഷ്ഠിക്കുന്നു. അവരോടുള്ള യുദ്ധമാണ് ഓരോ പാർട്ടിക്കാരന്റെയും ജീവിതസമരം. ധർമ്മയുദ്ധം പോലെ ജിഹാദ് പോലെ വിപ്ലവമാണ് അതിനുള്ള വഴി എന്ന് ഓരോരുത്തരും കരുതുന്നു. അത് രക്ത രൂക്ഷിതമാണെങ്കിൽപോലും അതിനെ കാൽപ്പനികത കൊണ്ട് താലോലിച്ച് ആസ്വദിക്കുന്നു.
മതത്തിനു ബദലായി കമ്മ്യൂണിസം കൊണ്ടുവന്നത് സെമിറ്റിക് മതങ്ങളുടെ അതേ ഘടനയിൽ ഉള്ള ഒരു സംഘടന. പുരോഹിതന്മാർക്ക് പകരം ഇവിടെ നേതാക്കൾ. മതത്തിലെ തീരുമാനങ്ങൾ പുരോഹിതന്മാർ എടുക്കുന്നു. അവ ചോദ്യം ചെയ്യപ്പെടാൻ പാടില്ല. പാർട്ടിയിൽ നേതാക്കൾ അത് കൈകാര്യം ചെയ്യുന്നു. ആ വ്യക്തികളുടെ സ്വാർത്ഥതകൾ പാർട്ടി തീരുമാനമായി വ്യഖ്യാനിക്കപ്പെടുന്നു. അവയും ചോദ്യം ചെയ്യപ്പെടാൻ പാടില്ല.
മതത്തിൽ നിന്ന് വിട്ടുപോകുന്നവരെ പിന്മാറ്റക്കാരൻ, മുർദ്ധത്‌ എന്നിങ്ങനെ മുദ്രയടിക്കുന്നതുപോലെ കമ്മ്യൂണിസം വിട്ടു പോയവരെ ‘റെനഗേഡ്’ എന്ന പാപികളുടെ, ഒറ്റുകാരുടെ, കുലംകുത്തികളുടെ ഗണത്തിൽ ചേർത്ത് ആജീവനാന്ത ശത്രുക്കളായി പ്രഖ്യാപിക്കുന്നു.
കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഏറ്റവും കൂടുതൽ ആളുകളെ കൺവെർട് ചെയ്ത ഐഡിയോളജികളിൽ ക്രിസ്ത്യാനിറ്റിയും ഇസ്‌ലാമും ആണ് ഒന്നാം സ്ഥാനത്തെങ്കിൽ ആശയ സമരം എന്ന പേരിൽ ഏറ്റവും കൂടുതൽ ആളുകളെ കൊന്നൊടുക്കിയതിൽ കമ്മ്യൂണിസം മുൻപന്തിയിലാണ്. സ്റ്റാലിന്റെയും ഫിഡൽ കാസ്‌ട്രോയുടെയും മാവോയുടെയും ഭരണങ്ങളിലെ കൂട്ടക്കൊലകൾ ഓർക്കുക. 'മാനവികത, സ്വാതന്ത്ര്യം, സോഷ്യലിസം' എന്നീ പേരുകളിലാണ് കമ്മ്യൂണിസ്റ്റ് വിശ്വാസികൾ ഇതൊക്കെ ആഘോഷിക്കുന്നത്. മതങ്ങൾ എത്ര തന്നെ മനുഷ്യവിരുദ്ധവും ക്രൂരവും ആയാലും 'സ്നേഹം, സമാധാനം, സാഹോദര്യം' എന്നെല്ലാമുള്ള ഓമനപ്പേരിൽ മതവിശ്വാസികൾ അവയെ ആഘോഷിക്കുന്നതുപോലെ.
ലെനിൻ കഴിഞ്ഞാൽ ട്രോട്സ്കി ആയിരുന്നു റഷ്യയിലെ ജനകീയ കമ്മ്യൂണിസ്റ്റ് നേതാവ്. പാര്‍ട്ടിക്കകത്തും പുറത്തും വലിയ പിന്തുണയുള്ള ട്രോട്സ്കി സ്റ്റാലിന്റെ തന്ത്രപരമാ‍യ ആധിപത്യത്തിലും കയ്യടക്കലിലും അകപ്പെട്ട് പിന്തള്ളപ്പെടുകയും പിന്നീട് തലയ്ക്കടിയേറ്റ് കൊല്ലപ്പെടുകയുമാണുണ്ടായത്. കൊല്ലപ്പെട്ടിട്ടും അവസാനിച്ചില്ല ട്രോട്സ്കിയുടെ ദുര്യോഗം. അതുവരെയുള്ള ചരിത്രങ്ങളിൽ നിന്നെല്ലാം ട്രോട്സ്കിയെ സ്റ്റാലിൻ വെട്ടിനിരത്തി. ഫോട്ടോകളിൽപോലും ഈ വെട്ടിമാറ്റൽ നടന്നു. കുരിശു യുദ്ധം, ജിഹാദ്, ശൈവ - വൈഷ്‌ണവ പോരാട്ടം എന്നീ പേരുകളിലൊക്കെ എതിരഭിപ്രായം പുലർത്തിയ ലക്ഷക്കണക്കിന് ആളുകളെ ഇല്ലാതാക്കിയ മതത്തിനും ജോസഫ് സ്റ്റാലിന്റെ കമ്മ്യൂണിസത്തിനും തമ്മിൽ എന്ത് വ്യത്യാസം?
കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ്, ഓർത്തഡോക്സ് പോലെ, സൂഫിസവും വഹാബിസവും പോലെ, ശൈവരും വൈഷ്ണവരും പോലെ ഓരോ മതങ്ങളിലും കാലഘട്ടങ്ങൾക്കനുസരിച്ചു പുതിയ ശാഖകളും ഇസങ്ങളും വരുന്നു. കമ്മ്യൂണിസത്തിലും പുതിയ ആചാര്യന്മാരും പുതിയ ശാഖകളും ഉണ്ടാകുന്നു. നക്സൽ ഇസം മാവോയിസം, ഗുവേറിസം, ഇടത് കമ്മ്യൂണിസ്റ്റ്, വലത് കമ്മ്യൂണിസ്റ്റ് etc etc. തീവ്ര മതവിശ്വാസം ഒരാളെ തീവ്രവാദി ആക്കുമ്പോൾ തീവ്ര കമ്മ്യൂണിസം മാവോയിസ്റ്റുകളെയും ഗുവേറിസ്റ്റുകളെയും സൃഷ്ടിക്കുന്നു. സാദാ വിശ്വാസികൾ തീവ്രവാദി വിശ്വാസികളെ ചൂണ്ടി 'യഥാർത്ഥ മതവിശ്വാസി' അങ്ങനെ ചെയ്യില്ല എന്ന് പറയുന്ന പോലെ മാവോയിസ്റ്റുകളെ ചൂണ്ടിക്കാണിച്ച് നിഷ്ക്കളങ്ക പാർട്ടി പ്രവർത്തകൻ 'അവൻ ഞങ്ങളിൽപ്പെട്ടവനല്ല, വ്യതിചലിച്ചവൻ' ആണെന്ന് വിലപിക്കുന്നു.
ജനാധിപത്യം ഉറക്കെ പറയുന്ന ഇവർക്ക് പൂർണ്ണ അധികാരവും ആധിപത്യവും കിട്ടിക്കഴിഞ്ഞാൽപ്പിന്നെ അവിടെ ജനാധിപത്യം പൊടിപോലും ഉണ്ടാവില്ല. മറിച്ച് ഒറ്റപ്പാർട്ടി രാഷ്ട്രീയം രാജ്യത്തു നടപ്പിലാക്കും. വേറെ വിശ്വാസമുള്ളവരെ അടുപ്പിക്കില്ല. ചൈന, കൊറിയ, റഷ്യ, വിയറ്റ്നാം... ഉദാഹരണങ്ങൾ!
തീവ്ര മതവിശ്വാസികളിൽ പലരും രഹസ്യമായി ഗോഡ്സെയെയും ബിൻ ലാദനെയുമൊക്കെ ആരാധിക്കുന്നതിലും അധികമായി കമ്മ്യൂണിസ്റ്റുകാർ സ്റ്റാലിനെയും മാവോയെയും ഒക്കെ ആരാധിക്കും. അവർ നടത്തിയ നരനായാട്ടിനെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം എന്ന ഓമനപ്പേരിട്ട് വിളിക്കും.
മോക്ഷം നേടാൻ, സ്വർഗ്ഗം കിട്ടാൻ തങ്ങളുടെ മതത്തിൽ വിശ്വസിക്കണം എന്ന് ഓരോ വിശ്വാസിയും പറയുന്നപോലെ 'മനുഷ്യനാകാൻ', 'ദളിതനെ സ്നേഹിക്കാൻ', 'വർഗ്ഗീയവാദി ആകാതിരിക്കാൻ' എല്ലാവരും കമ്മ്യുണിസ്റ്റ് ആകണമെന്ന് നിഷ്കളങ്ക പ്രവർത്തകർ കരുതുന്നു. കമ്മ്യൂണിസ്റ്റ് ആകാതെയും ഇതൊക്കെയാകാം എന്ന് ഇവർക്കാർക്കും മനസ്സിലാകുന്നില്ല. കാരണം ഇത് മാത്രമാണ് സത്യം, മറ്റൊരു സത്യമില്ല എന്ന് ഓരോ കമ്മ്യൂണിസ്റ്റ്‌ ജീവിയും അടിയുറച്ചു വിശ്വസിക്കുന്നു.
ലിബറൽ ആയ പാശ്ചാത്യ രാജ്യങ്ങൾ മതങ്ങളെ തിരസ്ക്കരിക്കുന്ന പോലെ കമ്മ്യൂണിസത്തെയും എപ്പോഴേ തിരസ്ക്കരിച്ചു കഴിഞ്ഞു. മതം പോലെ തന്നെ കമ്മ്യൂണിസവും ഇന്ന് ശക്തമായി നിലനിൽക്കുന്നത് മൂന്നാം ലോക രാജ്യങ്ങളിൽ മാത്രമാണ്. ഇവർ പറയുന്ന മട്ടിലുള്ള സ്ഥിതിസമത്വം ഒരിക്കലും നടപ്പിലാകുന്ന ആശയമല്ല. ഇനി അത് കൈവന്നു എന്ന് തന്നെ ഇരിക്കട്ടെ! അതോടെ മനുഷ്യർക്ക് ഇന്നീ കാണുന്ന രീതിയിൽ പലതരം തൊഴിലുകൾ ചെയ്ത് വരുമാനം ഉണ്ടാക്കി ജീവിക്കാൻ സാധിക്കില്ല. ലിബറൽ ക്യാപ്പിറ്റലിസമാണ് ലോകത്തെ നിയന്ത്രിക്കുന്ന പ്രായോഗികമായ ശക്തി. ആ ക്യാപ്പിറ്റലിസത്തിന്റെ ഉൽപ്പന്നങ്ങളായ വാട്സ്ആപ്പും ഫേസ്ബുക്കും മറ്റെല്ലാ സാങ്കേതികതകളും ഉപയോഗിച്ചുകൊണ്ട് അതിനെതിരെ വാചാടോപങ്ങൾ നടത്താൻ കമ്മ്യൂണിസ്റ്റ്‌ സ്വപ്നജീവികൾക്ക് മാത്രമേ കഴിയൂ. എല്ലാ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെയും അന്ധവിശ്വാസങ്ങളുടെ പ്രചാരണത്തിനുവേണ്ടി മാത്രം ഉപയോഗിക്കുന്ന മതങ്ങളെപ്പോലെ.